സ്റ്റാന്റ് വിത്ത്‌ ജെ.എന്‍.യു


ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയനിലെ (DSU) പൂർവ അംഗങ്ങൾ, 2016 ഫെബ്രുവരി 9 ന് ജെ.എന്‍.യു സര്‍വകലാശാലയില്‍ വച്ചൊരു സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. അഫ്സൽ ഗുരുവിന്റെയും മഖ്ബൂൽ ബട്ടിന്റേയും വധശിക്ഷകൾ, നിയമസംവിധാനം ദുരുപയോഗം ചെയ്ത് ഭരണകൂടം നടപ്പിലാക്കിയ ആസൂത്രിത കൊലപാതങ്ങളായാണ് അവർ കണക്കിലാക്കുന്നത്. കശ്മീരി ജനതയുടെ ഭരണഘടനാപരമായ സ്വയം നിർണ്ണയാവകാശത്തിനുവേണ്ടിയുള്ള അഭ്യർത്ഥനകൾക്ക് പിന്തുണ നൽകുവാനായി ഈ വധശിക്ഷകളെ അപലപിച്ച് പ്രതിഷേധം പ്രകടിപ്പിക്കലായിരുന്നു ഈ കൂട്ടായ്മയുടെ ലക്ഷ്യം. കാമ്പസിന് അകത്തുനിന്നും അല്ലാതെയുമായി ഒട്ടനവധി കശ്മീരി വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കുവാനെത്തിയിരുന്നു. ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയൻ മാവോ അനുഭാവമുള്ള തീവ്ര ഇടതുപക്ഷ സംഘടനയാണ്. ഉയർന്ന ബൗദ്ധിക നിലവാരമുള്ള വളരെ കുറച്ച് അംഗങ്ങളുള്ള ഒരു ചെറിയ സംഘടനയാണത്. അവർ ഒരിക്കലും തീവ്രവാദികളോ നക്സലുകളോ അല്ല.

യോഗം തുടങ്ങുന്നതിന് 20 മിനിട്ടുകൾക്കു മുൻപ്, ദേശീയതയുടെ അമരക്കാരായി സ്വയം കരുതുന്ന ABVP; ഈ പരിപാടി കലാലയത്തിന്റെ സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടിക്കും എന്നുകാട്ടി അധികാരികൾക്ക് പരാതി നൽകി. യൂണിവേഴ്‌സിറ്റി അധികാരികൾ ഒരു സംഘർഷം ഒഴിവാക്കാൻ താല്പര്യപ്പെട്ട് പരിപാടി നടത്തുന്നത് വിലക്കി. JNU മനോഹരമായ ഒരു ജനാധിപത്യ ഇടമാണ്. ഇവിടെ എല്ലാ ഭിന്നസ്വരങ്ങൾക്കും സ്ഥാനമുണ്ട്. എത്രതന്നെ തീവ്രപുരോഗമനപരമായാലും അഭിപ്രായങ്ങൾ ഇവിടെ മാനിക്കപ്പെടുന്നു. പക്ഷെ അതിനു തുരങ്കം വെക്കുവാനാണ് ABVP നോക്കുന്നത്.

ജെ.എന്‍.യു.വില്‍  DSU സമാധാനപരമായി പരിപാടി നടത്തുവാനുള്ള അവരുടെ ജനാധിപത്യപരമായ അവകാശം സംരക്ഷിക്കാൻ, JNUSU (Jawaharlal Nehru Students' Union) ന്റെയും SFI (Students Federation of India), AISA (All India Students Association) തുടങ്ങിയ ഇടതു വിദ്യാർത്ഥി സംഘടനകളുടേയും സഹായം തേടി. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം DSU അവരുടെ ആശയങ്ങൾക്കോ കശ്മീർ നിലപാടുകൾക്കോ അല്ല പിന്തുണ തേടിയത് എന്നതാണ്. അതായത്  എസ്.എഫ്.ഐയുടെ രാഷ്ട്രീയത്തെ പലപ്പോഴും ശക്തമായി  എതിര്‍ക്കാറുള്ള ഡി.എസ്.യുവിന്റെ ആശയങ്ങള്‍ക്കല്ല മറിച്ച് അഭിപ്രായപ്രകടങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള സംഘപരിവാര്‍ ഗൂഡാലോചനയെ ചെറുക്കാനാണ് എസ.എഫ്.ഐ ഉള്‍പ്പടെയുള്ള സംഘടനകള്‍ ഡി.എസ്.യുവിനൊപ്പം അണിനിരന്നത്. DSU, JNUSU-വിനും മറ്റ് വിദ്യാർത്ഥി സംഘടനകൾക്കും ഒപ്പം, അവർ വർഷങ്ങളായി പടുത്തുയർത്തിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കുമുള്ള ജനാധിപത്യ വേദിയെ കർക്കുവാൻ അധികാരികളെയും ABVP-യെയും അനുവദിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ചു നിന്ന് യോഗം നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോയി.
യൂണിവേഴ്സിറ്റി അധികാരികൾ സെക്യൂരിറ്റി ജീവനക്കാരെ അയച്ച് പരിപാടി നടക്കേണ്ടിയിരുന്ന ബാഡ്മിന്റൺ കോർട്ടിലേക്കുള്ള പ്രവേശനം തടയുകയും, ഉച്ചഭാഷിണി ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തു. സംഘാടകർ ഇത് അംഗീകരിച്ചുകൊണ്ട് കാമ്പസിൽ തന്നെയുള്ള ഭക്ഷണശാലകൾക്ക് (ധാബ) സമീപം ഉച്ചഭാഷിണിയില്ലാതെ പരിപാടി തുടരാൻ തീരുമാനിച്ചു. പക്ഷെ, ABVP പ്രവർത്തകർ സംഘം ചേർന്ന് പരിപാടിയിൽ പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുവാനും മുതിരുകയുമായിരുന്നു. ഇതിനിടയില്‍ വിദ്യാര്‍ഥികള്‍ 'പാകിസ്താൻ സിന്ദാബാദ്' എന്ന മുദ്രാവാക്യം മുഴകിയെന്നാരോപിച്ച് സര്‍ക്കാര്‍ രംഗത്തെത്തി. ഇതിന് തെളിവായി ഒരു വീഡിയോ പുറത്ത് വിടുകയും ചെയ്തു. എന്നാല്‍ ഈ ഭാരത വിരുദ്ധ മുദ്രാവാക്യം ഉയർത്തിയതിൽ ജെ.എൻ.യു. വിദ്യാർത്ഥികൾക്ക് പങ്കില്ല എന്നവര്‍ നിലപാട് വ്യക്തമാക്കിയതിന് പിറകെ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് തെളിയുകയും ചെയ്തു.

എന്നാൽ സർക്കാർ ഏത് വിധത്തിലാണ് പ്രതികരിച്ചതെന്ന് നോക്കൂ : ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ ആജ്ഞാനുസരണം പോലീസ് ആദ്യം യൂണിവേഴ്സിറ്റിയും പിന്നീട് ഹോസ്റ്റലുകളും റെയിഡ് ചെയ്തു. അവർ തെളിവുകൾ ഒന്നും ഇല്ലാതെ തന്നെ JNUSU (JNU Students Union) പ്രസിഡന്റിനെ കാമ്പസിൽ നിന്നും അറസ്റ്റു ചെയ്യ്ത് കൊണ്ടുപോവുകയും കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. അദ്ദേഹം മുദ്രാവാക്യങ്ങൾ ഒന്നും മുഴക്കിയിരുന്നില്ല. അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (CPI) യുടെ വിദ്യാർത്ഥി വിഭാഗമായ AISF (All India Students Federation) ന്റെ പ്രവർത്തകനാണ്.

എന്തിനാണ് നമ്മൾ നമ്മുടെ ദേശീയതാബോധത്തിൽ ഇത്രയും കലുഷിതരാവേണ്ടത്? എന്തിനാണ് നമ്മളതിനെ ഒരു മതം പോലെ കണക്കിലെടുക്കുന്നത്? ആരെങ്കിലും എന്തെങ്കിലും മുദ്രാവാക്യങ്ങൾ ഉയർത്തിയാൽ അതിനെ നീചാപവാദം പോലെ കണക്കാക്കി പ്രതികരണങ്ങളുണ്ടാവുന്നു. ഒരു സർവകലാശാല ചർച്ചകളുടേയും വാഗ്വാദങ്ങളുടേയും, ഭിന്നാഭിപ്രായങ്ങളുടേയും കൂടി ഇടമാണ്. മുദ്രാവാക്യങ്ങളെ മുദ്രാവാക്യങ്ങൾ കൊണ്ടാണ് നേരിടേണ്ടത്, അല്ലാതെ രാജ്യദ്രോഹകുറ്റം ചുമത്തിയല്ല. ഇതു കുറേക്കൂടി വിശദമാക്കാൻ, ഈ സർവകലാശാലയുടെ പേരിന്റെ ഉടമകൂടിയായ നമ്മുടെ പ്രഥമ പ്രഥാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹറു വിന്റെ വാക്കുകൾ കൂടി കടമെടുക്കുന്നു.
"ഒരു സർവകലാശാല നിലകൊള്ളുന്നത് മാനവികതക്കും, സഹിഷ്ണുതക്കും, വിവേകത്തിനും, ആശയ വൈപുല്യത്തിനും, സത്യാന്വേഷണത്തിനും വേണ്ടിയാണ്. ഉന്നതമായ ലക്ഷ്യങ്ങളിലേക്കുള്ള, മനുഷ്യ സംസ്കാരത്തിന്റെ പ്രയാണത്തിന് വേണ്ടിയാണ് അത് സ്ഥാപിതമാകുന്നത്. സ്വന്തം ധർമ്മങ്ങളിൽ നിന്നും വ്യതിചലിക്കാത്ത കലാശാലകൾ രാഷ്ട്രത്തിനും ജനങ്ങൾക്കും ഒരു മുതൽക്കൂട്ടാണ്."

അന്തസത്തയിലും ഭൂപ്രകൃതിയിലും സമാനതകളില്ലാത്തത്ര സുന്ദരമാണ് ജെ.എന്‍.യു സർവകലാശാല. കെട്ടിച്ചമച്ച ആരോപണങ്ങളും രൂക്ഷവിമര്‍ശനങ്ങളും വര്‍ഗ്ഗീയശക്തികളില്‍ നിന്നും വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്ന ഒരു പറ്റം മാധ്യമങ്ങളിൽ നിന്നും നേരിടുന്ന ഈ നിർണ്ണായക വേളയിൽ, നിങ്ങൾ ജെ.എൻ.യു.-വിന് ഒപ്പം നിൽക്കണമെന്ന് ഞാൻ ആശിക്കുന്നു..

ആശയങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ നേരിടാന്‍ ആശയങ്ങളോളം നല്ല മറ്റൊരു ആയുധമില്ല. 'കലാലയങ്ങള്‍ കലഹിക്കുക തന്നെ ചെയ്യും'; ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ കേരള സംസ്ഥാന ഘടകം ഫേസ്ബുക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നു. www.facebook.com/sfijnumarch സന്ദര്‍ശിക്കുമല്ലോ.

Comments

  1. ഒരു സർവകലാശാല നിലകൊള്ളുന്നത് മാനവികതക്കും, സഹിഷ്ണുതക്കും, വിവേകത്തിനും, ആശയ വൈപുല്യത്തിനും, സത്യാന്വേഷണത്തിനും വേണ്ടിയാണ്. ഉന്നതമായ ലക്ഷ്യങ്ങളിലേക്കുള്ള, മനുഷ്യ സംസ്കാരത്തിന്റെ പ്രയാണത്തിന് വേണ്ടിയാണ് അത് സ്ഥാപിതമാകുന്നത്. സ്വന്തം ധർമ്മങ്ങളിൽ നിന്നും വ്യതിചലിക്കാത്ത കലാശാലകൾ രാഷ്ട്രത്തിനും ജനങ്ങൾക്കും ഒരു മുതൽക്കൂട്ടാണ്."

    ReplyDelete

Post a Comment

Popular posts from this blog

ആരായിരുന്നു വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന സംഘപരിവാര്‍ ആദര്‍ശപുരുഷന്‍?

മാവോ ചിന്തകള്‍