ഇന്ദിരാജി മാപ്പ് - സർസംഘചാലക്ക് (ഒപ്പ്)
അടിയന്തരാവസ്ഥക്കാലത്തെ പൗരാവകാശലംഘനങ്ങള്‍ക്കെതിരെ പൊരുതിയെന്ന ആര്‍എസ്എസിന്റെയും ജനസംഘത്തിന്റെയും അവകാശവാദം പൊളിക്കുന്ന തെളിവുകള്‍ പുറത്ത്. ആര്‍എസ്എസ് സര്‍സംഘചാലക് മധുകര്‍ ദത്താത്രേയ ദേവറസ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് 1975 ആഗസ്ത് എട്ടിന് മാപ്പപേക്ഷ നല്‍കിയതിന്റെ തെളിവ് ഫ്രണ്ട്ലൈനാണ് പുറത്തുകൊണ്ടുവന്നത്. യെര്‍വാദ ജയിലില്‍ കിടക്കുമ്പോള്‍ മോചനം ആവശ്യപ്പെട്ട് നല്‍കിയ കത്ത് അഭിഭാഷകനായ എ ജി നൂറാണിയുടെ ലേഖനത്തിനൊപ്പമാണുള്ളത്. താനടക്കമുളള ആര്‍എസ്എസ് നേതാക്കളെ വെറുതെ വിടണമെന്നും ആര്‍എസ്എസിനുമേലുള്ള നിരോധം എടുത്തുകളയണമെന്നും ദേവറസ് കത്തില്‍ ആവശ്യപ്പെടുന്നു.
ജനസംഘത്തിന്റെ നേതാക്കളായ വാജ്പേയ്, അദ്വാനി എന്നിവരുടെ അറസ്റ്റും തടവും സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാമെങ്കിലും അതിനു പിന്നിലുള്ള കുത്സിതമായ പ്രവൃത്തിയെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്നും കത്തില്‍ പറയുന്നു. കത്തില്‍ ദേവറസ് ഇന്ദിര ഗാന്ധിയെ അഭിനന്ദിക്കുകയും ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതി ഇന്ദിര ഗാന്ധിക്ക് അനുകൂലമായി വിധിപ്രഖ്യാപനം നടത്തിയപ്പോഴാണ് ദേവറസ് ഇന്ദിരയെ അഭിനന്ദിച്ചത്. ഇതിനെതിരെ ജനതാപാര്‍ടി ജനറല്‍ സെക്രട്ടറിയായിരുന്ന മധു ലിമായെയുടെ പ്രതികരണവും പുറത്തുവന്നിരുന്നു. ഇത്തരം നേതാക്കളുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കൊള്ളില്ല എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. മോചനം ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് കത്തെഴുതിയിരുന്നെന്ന് ദേവറസ് കുറ്റസമ്മതം നടത്തിയിരുന്നു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് താന്‍ രണ്ട് കത്തുകള്‍ ഇന്ദിര ഗാന്ധിക്ക് എഴുതിയെന്ന് അദ്ദേഹം സമ്മതിച്ചത്. ആദ്യം നിഷേധിച്ചെങ്കിലും പത്രക്കാര്‍ രണ്ട് കത്തിന്റെ പകര്‍പ്പ് കാണിച്ചപ്പോഴാണ് അദ്ദേഹം കുറ്റസമ്മതം നടത്തിയത്. ഒരു കത്ത് ഇന്ദിര ഗാന്ധിയുടെ പിറന്നാളിനോട് അനുബന്ധിച്ചും മറ്റൊന്ന് സുപ്രീംകോടതിയില്‍നിന്ന് ഇന്ദിരയ്ക്ക് അനുകൂലമായി വിധി വന്നപ്പോഴുമാണ് എഴുതിയത്. കൂടാതെ വെറെയും കത്തുകള്‍ എഴുതിയിരുന്നു.
കത്തിന്റെ പകര്‍പ്പ് 1977 ഒക്ടോബര്‍ 18ന് മഹാരാഷ്ട്ര മുഖ്യമന്ത്രി എസ് ബി ചവാന്‍ നിയമസഭയില്‍ ഹാജരാക്കിയിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനമല്ല ആര്‍എസ്എസിന്റേത് എന്ന് കത്തില്‍ സമര്‍ഥിക്കുന്നു. ആര്‍എസിഎസിന്റെ നിരോധം എടുത്തുകളയണമെന്നും താങ്കളെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നെന്നും ആവശ്യപ്പെട്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. ജയില്‍മോചനത്തിന് ഇന്ദിര ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്താന്‍ ദേവറസ് വിനോബ ഭാവെയ്ക്കും കത്തെഴുതിയതിനുള്ള തെളിവുകളും ലേഖനത്തിലുണ്ട്. വിനോബയോട് ഇന്ദിര ഗാന്ധിക്കുള്ള അടുപ്പം മുതലാക്കാനായിരുന്നു ശ്രമം. വിനോബ ഇന്ദിര ഗാന്ധിയെ ഒരിക്കലും എതിര്‍ത്തിരുന്നില്ല. ഈ ബന്ധം മുതലെടുക്കാനായിരുന്നു ശ്രമം. 1976 ജനുവരി 12നും അതിന് തൊട്ടടുത്ത ദിവസവുമാണ് വിനോബയ്ക്ക് ദേവറസ് കത്തെഴുതിയത്. ഈ മാസം 24ന് പ്രധാനമന്ത്രി പവ്നാര്‍ ആശ്രമത്തില്‍ താങ്കളെ കാണാന്‍ വരുന്നത് പത്രവാര്‍ത്തകളിലൂടെ അറിഞ്ഞു. അപ്പോള്‍ ആര്‍എസ്എസിനോടുള്ള അവരുടെ തെറ്റായ കാഴ്ചപ്പാട് മാറ്റാന്‍ താങ്കള്‍ ശ്രമിക്കണം. കൂടാതെ ജയിലിലുള്ള ആര്‍എസ്എസ് വളന്റിയര്‍മാരുടെ മോചനം സാധ്യമാക്കണമെന്നുമാണ് കത്തില്‍ താഴ്മയോടെയുള്ള ആവശ്യം. മോചനം സാധ്യമായാല്‍ രാജ്യപുരോഗതിക്കായി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമെന്നും കത്തില്‍ പറയുന്നു.
http://www.deshabhimani.com/news-national-all-latest_news-492838.html
http://www.frontline.in/the-nation/servile-sangh/article7499125.ece
Comments
Post a Comment