വ്യാപം അഴിമതി : ബി.ജെ.പിയും, പ്രതികരിക്കുന്നവരെ കൊന്നു തള്ളുന്ന രാഷ്ട്രീയവും.

മധ്യപ്രദേശിലെ വിവിധ കോഴ്സുകളിലേക്കും സര്‍ക്കാര്‍ തസ്തികകളിലേക്കും പ്രവേശനത്തിനും നിയമനത്തിനുമുള്ള പരീക്ഷകള്‍ നടത്താന്‍ ചുമതലപ്പെട്ട മധ്യപ്രദേശ് പ്രൊഫഷണല്‍ പരീക്ഷാ ബോര്‍ഡ് അഥവാ മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍ എന്നതിന്‍റെ ചുരുക്കെഴുത്താണ് വ്യാപം. പ്രവേശന പരീക്ഷയില്‍ തട്ടിപ്പ് നടത്തി അയോഗ്യരായ ആയിരക്കണക്കിന് ആളുകള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കിയ അഴിമതിയാണ് മധ്യപ്രദേശിലെ വ്യാപം അഴിമതി എന്ന പേരില്‍ അറിയപ്പെടുന്നത്. 2013 ല്‍ ഇന്‍ഡോറില്‍ നിന്നുള്ള ഡോക്ടര്‍ ആനന്ദ് റായി വ്യാപം നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ചില ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണങ്ങളുമായി രംഗത്തു വന്നത്തോടെയാണ് വ്യാപം അഴിമതി കേസ് വെളിച്ചം കാണുന്നത്. സർക്കാരിലെ ഉന്നതരും വ്യവസായികളും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ ആയിരുന്നു നിയമന തട്ടിപ്പിനു പിന്നിൽ.
2003ലാണ് മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. 2004 മുതല്‍ വ്യാപം പരീക്ഷാ ക്രമക്കേട് തുടങ്ങിയെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. കേസ് അന്വേഷണം കാല്‍ ഭാഗമായപ്പോഴേക്കും 2000 പ്രതികളെ കസ്റ്റഡിയിലെടുത്ത കേസില്‍ 300 അറസ്റ്റാണ് നടന്നത്. 400 പ്രതികള്‍ ഒളിവിലാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മുന്‍ ഗവര്‍ണര്‍ രാം നരേഷ് യാദവ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നതോടെയാണ് വ്യാപം കുംഭകോണം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്.
48 പരീക്ഷാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍െറ ശിപാര്‍ശപ്രകാരവും നിയമനം നല്‍കിയിട്ടുണ്ട്. ഏഴുപേരെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്ര ജലവിഭവ മന്ത്രിയുമായ ഉമാഭാരതിയും ഒരാളെ ഗവര്‍ണറും 21 പേരെ മറ്റു മന്ത്രിമാരുമാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. മാര്‍ക്ക് ലിസ്റ്റുകള്‍ തിരുത്തി പരീക്ഷാര്‍ഥികളെ പാസാക്കുകയായിരുന്നു റാക്കറ്റ് ചെയ്തിരുന്നത്. അന്വേഷണം നീണ്ടതോടെ വ്യവസായികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകള്‍ പുറത്തുവരാന്‍ തുടങ്ങി. വ്യാപം അസിസ്റ്റന്‍റ് പ്രോഗ്രാമര്‍ സി.കെ. മിശ്ര, സിസ്റ്റം അനലിസ്റ്റ് നിതിന്‍ മഹീന്ദ്ര, കൂട്ടാളി അജയ് സെന്‍ എന്നിവരാണ് ആദ്യം അറസ്റ്റിലായത്. മുന്‍ വിദ്യാഭ്യാസ മന്ത്രി ലക്ഷ്മികാന്ത് ശര്‍മ, ബി.ജെ.പി അനുയായിയും ഖനനവ്യവസായിയുമായ സുധീര്‍ ശര്‍മ എന്നിവരും തുടര്‍ന്ന് അറസ്റ്റിലായി. മകന്‍െറ പേര്‍ പരാമര്‍ശിക്കപ്പെട്ടതോടെ ഗവര്‍ണര്‍ രാം നരേഷ് യാദവ് രാജിവെച്ചു. തുടര്‍ന്ന് മകന്‍ ശൈലേഷ് യാദവ് പ്രതിപ്പട്ടികയില്‍ വരുകയും, ഗവര്‍ണര്‍ക്കെതിരെ അന്വേഷണം തുടങ്ങുകയും ചെയ്തു. ശൈലേഷ് ഗവര്‍ണറുടെ വസതിയില്‍ ദുരൂഹനിലയില്‍ മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം കണ്ടത്തൊന്‍ കഴിഞ്ഞില്ല. പ്രതികളും സാക്ഷികളും അന്വേഷകരുമായി ഇതുവരെ വ്യാപം കേസുമായി ബന്ധപ്പെട്ട് ദുരൂഹ സാഹചര്യത്തിൽ മരിച്ചവരുടെ എണ്ണം 45 ആയി. ട്രെയിനി പൊലീസ് ഇന്‍സ്പെക്ടര്‍ അനാമിക കുശ്വാഹിനെയുടെ മരണത്തോടെ കഴിഞ്ഞ 48 മണിക്കൂറിനിടെ മൂന്നാമത്തെ ദുരൂഹമരണമായ മരണമാണു നടന്നിരിക്കുന്നത്. കുംഭകോണത്തിന്റെ വാർത്തകൾ ശേഖരിച്ച ചാനൽ മാധ്യമപ്രവർത്തകൻ അക്ഷയ് സിങ്ങിന്റെ മരണത്തിനു പിന്നാലെയാണു പൊലീസ് ഇന്‍സ്പെക്ടറും ദുരൂഹമായി മരിച്ചത്.
‘വ്യാപം’ കേസ് അന്വേഷിക്കുന്ന സംഘത്തിന് നിർണ്ണായക വിവരങ്ങൾ നൽകിയ മധ്യപ്രദേശിലെ ജബൽപൂർ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളജ് ഡീനും മുൻ കോൺഗ്രസ് മന്ത്രി എൻ‍.കെ. ശർമയുടെ മകനുമായ ഡോ. അരുണിനെയും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
2007 മുതല്‍ 2013 വരെയുള്ള കാലയളവില്‍ തന്നെ ഏതാണ്ട് 1,40,000 പേര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനര്‍ഹമായി പ്രവേശനം ലഭിച്ചെന്നും, ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് തട്ടിപ്പ് നടത്താന്‍ സംസ്ഥാന വ്യാപകമായി ഒരു റാക്കറ്റുതന്നെ പ്രവര്‍ത്തിക്കുന്നതായും പല രാഷ്ട്രീയ പ്രമുഖര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
കുംഭകോണവുമായി ഏതെങ്കിലും നിലയിൽ ബന്ധപ്പെട്ടവർ തുടർച്ചയായി മരിക്കുന്നതിന്റെ കാരണം കണ്ടെത്താനാവാതെ അന്വേഷണ സംഘം പകച്ചുനിൽക്കുകയാണു. മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ ആഭ്യന്തരമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍ നടത്തിയ പ്രസ്താവന ദുരൂഹതക്ക് ആക്കംകൂട്ടി. റെയിലിലായാലും ജയിലിലായാലും എല്ലാ മരണങ്ങളും സ്വാഭാവിക മരണങ്ങളാണെന്നും എല്ലാവരും ഒരുനാള്‍ മരിക്കാനുള്ളതാണെന്നും ആയിരുന്നു ഗൗറിന്‍െറ പ്രസ്താവന. അതേസമയം ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണ്.

Comments

Popular posts from this blog

മാവോ ചിന്തകള്‍

അപ്പുവും ബസ് മുതലാളിമാരും : ഒരു നെറ്റ് ന്യൂട്രാലിറ്റി കഥ