April 14, 2015

പരിസ്ഥിതിയോടും മനുഷ്യരോടും വർഗ്ഗീയ സർക്കാർ ചെയ്യുന്നത് ..

മധ്യപ്രദേശിലെ സിംഗ്രൌളി എന്ന ഗ്രാമത്തിൽ മഹൻ എന്ന പേരിൽ ഒരു വനപ്രദേശമുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ സാൽ വനങ്ങളിലൊന്നാണിത് ഒപ്പം സിംഗ്രൌളി ഗ്രാമത്തിൽ അവശേഷിക്കുന്ന ഏകവനവും. ഇവിടേയാണു ഒരു കൽക്കരി ഖനി വരാൻ പോകുന്നത്. കേവലം 14 വർഷം മാത്രം കൽക്കരി ഖനനം ചെയ്യാൻ പറ്റുന്ന, പരിസ്ഥിതി പ്രശ്നത്തിന്റെ പേരിൽ പലവട്ടം അനുമതി നിഷേധിക്കപ്പെട്ട കൽക്കരി ഖനനത്തിനു പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നുമുള്ള സമ്മർദ്ധത്തെ തുടർന്ന് സ്റ്റേജ് വൺ ക്ലിയറൻസ് ലഭിച്ചു കഴിഞ്ഞു. ലണ്ടൻ ആസ്ഥാനമായുള്ള എസ്സാറും, ഹിൻഡാൽകോ-ബിർള യുമാണു ഇവിടെ ഖനനം നടത്താൻ ശ്രമിക്കുന്ന , അതിനു ചരട് വലികൾ നടത്തുന്ന കമ്പനികൾ. ഈ പദ്ധതിയ്ക്കായി അഞ്ച് ലക്ഷം മരങ്ങൾ മുറിക്കപ്പെടും, ആ പ്രദേശത്തെ 54 ഗ്രാമങ്ങളിലായുള്ള 50000 വരുന്ന ജനങ്ങളുടെ ജീവിതം താറുമാറാകും, അവർ കുടിയൊഴിപ്പിക്കപ്പെടും. കേവലം 14 വർഷത്തെ കൽക്കരി ഖനനത്തിനു വേണ്ടി എന്തൊക്കെയാണു നാം നശിപ്പിക്കുന്നത്. വൈദ്യുതി ഉപഭോഗ വർദ്ധനവിനെക്കുറിച്ചും, ഉദ്പാദന വർദ്ധനവിന്റെ ആവശ്യകതയെക്കുറിച്ചും, അതിനു കുറച്ച് ജന്ങ്ങൾ വില നൽകേണ്ടി വരുമെന്ന സിദ്ധാന്തം ഉയർത്തിപ്പിടിക്കുന്നവരും. ഒന്നുകൂടി കേൾക്കുക. സിംഗ്രൌൾ ഗ്രാമത്തിൽ ഇപ്പോൾത്തന്നെ 11 ഖനികളും, 9 വൈദ്യുതി നിലയങ്ങളും ഉണ്ട്. ഇന്ന് രാജ്യത്ത് ഉദ്പാദിപ്പിക്കുന്ന കൽക്കരിയധിഷ്ടിത വൈദ്യതിയുടെ 10 ശതമാനം സിംഗ്രൌളീൽ നിന്നാണു. ഇനിയും നമ്മുടെയൊക്കെ വൈദ്യതിക്ക് വേണ്ടി, ഈ ഗ്രാമത്തിലെ പരിസ്ഥിതിയും, അവിടത്തെ ആവാസ വ്യവസ്ഥയും , ജനങ്ങളൂം വില കൊടുക്കണോ?
ഇവിടെ ജനങ്ങൾ ഇതിനെതിരെ പ്രക്ഷോഭങ്ങൾ നടത്തുന്നുണ്ട്. മഹൻ സംഘർഷ് സമിതി എന്ന ജനകീയ സമരസമിതിയാണു ഇവിടെ പ്രക്ഷോഭങ്ങൾ നടത്തുന്നത്. ഗ്രീൻ പീസ് ഇന്ത്യയുടെ മഹൻ യൂണിറ്റും അതിൽ നേതൃപരമായ പങ്ക് തന്നെ വഹിക്കുന്നുണ്ട്. അതിന്റെ മുൻ നിരയിൽ ഒരു മലയാളി പെൺകുട്ടിയും, പ്രിയാപിള്ള എന്ന ആലപ്പുഴക്കാരി. ഒട്ടും എളുപ്പമല്ല സമരം, കള്ളക്കേസുകൾ ചുമത്തിയും അല്ലാതെയും പോലീസ് സമരക്കാരെ ഉപദ്രവിക്കുന്നുണ്ട്, അണികളും നേതാക്കന്മാരും പലവട്ടം ജയിലിലടയ്ക്കപ്പെട്ടു, കമ്പനിയുടെ ഏജന്റുമാർ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തുന്നു. ഭരണകൂടവും, പോലീസും, വ്യവസായികളും, ക്രിമിനലുകളും ഒരൊറ്റക്കെട്ടായി സമരത്തെ അടിച്ചമർത്താൻ ശ്രമിക്കയാണു. ലണ്ടൻ സ്റ്റോക്ക് എക്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയായ എസ്സാർ കമ്പനിയെക്കുറിച്ച് ബ്രിട്ടീഷ് പാർലമെന്റംഗങ്ങളോട് സംസാരിക്കാൻ വേണ്ടി പുറപ്പെട്ട ഗ്രീൻ പീസിന്റെ പ്രിയപിള്ള എയർപോർട്ടിൽ തടയപ്പെട്ടു, അവരുടെ ഫോൺ ടാപ്പ് ചെയ്യപ്പെടുന്നു. ഇവിടെ ഭരണകൂടം ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണു.
ഈയവസരത്തിലാണു ഗ്രീൻ പീസ് ഇന്ത്യയുടെ പ്രവർത്താനുമതി നിരോധിച്ചതും, അതിന്റെ റജിസ്ട്രേഷൻ റദ്ധ് ചെയ്തതും വായിക്കേണ്ടത്. അവർ വിദേശ ഫണ്ട് സ്വീകരിച്ചു പ്രവർത്തിക്കുന്നു, വികസന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്നാണു ആരോപണം. ഇത് ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ച ആരോപണമല്ല. കഴിഞ്ഞ കുറച്ചു കാലമായി നടന്നു വരുന്ന ആസൂത്രിതമായ ഗൂഡാലോചനയുടെ പരസ്യ പ്രഖ്യാപനമാണു. കഴിഞ്ഞ വർഷമാണു ഇന്ത്യയിൽ വിദേശപണം സ്വീകരിച്ച് വികസന വിരുദ്ധ പ്രവർത്തനം നടത്തുനവരുടെ, സ്ഥാപനങ്ങളുടെയും, വ്യ്ക്തികളുടെയും പേരു വിവരങ്ങൾ ഐ ബി റിപ്പോർട്ട് വന്നത്. റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട ഭൂരിഭാഗവും, പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകരോ, സംഘടനകളോ ആയിരുന്നു. ഇതിൽപ്പെട്ട പലരുടേയും ഫോൺ ചോർത്തിയും, മെയിലുകളും ബ്ലോഗുകളും രഹസ്യമായി പരിശോധിച്ചും ഭരണകൂടം നൽകിയത് കൃത്യമായ ഒരു സന്ദേശമാണു. ഭരണകൂടത്തിനു നിങ്ങളുടെ ജീവിതത്തിലിടപെടാം എന്ന സന്ദേശം. ഇരകൾക്ക് വേണ്ടിയോ, വികസനത്തിന്റെ പാർശ്വഫലമായി തുലഞ്ഞു പോകുന്ന ജീവിതങ്ങൾക്ക് വേണ്ടിയോ, പരിസ്ഥിതിയ്ക്ക് വേണ്ടിയോ അങ്ങനെ എന്തെങ്കിലും വിധത്തിൽ ഭരണകൂടത്തെയും, അതിനെ നിയന്ത്രിക്കുന്ന കോർപ്പറേറ്റുകളെയും അലോസരപ്പെടുത്തുന്നവർക്കുള്ള മുന്നറിയിപ്പായിരുന്നു അത്. അത് തുടർന്നാൽ രാജ്യദ്രോഹി എന്ന വെറുക്കപ്പെട്ട ഇമേജ് ചാർത്തി നിങ്ങൾ കൽത്തുറുങ്കിലടയ്ക്കപ്പെടുമെന്ന്, അതുമല്ലെങ്കിൽ മാവോവാദിയെന്നാരോപിക്കപ്പെട്ട് നിങ്ങൾ വെടിവച്ചു കൊല്ലപ്പെടുമെന്ന് ഓർമ്മിപ്പിക്കുകയായിരുന്നു ഭരണകൂടത്തിന്റെ ലക്ഷ്യം. അല്ലാതെ ഇത്രയും കാലം രഹസ്യമായി ചെയ്തു കൊണ്ടിരുന്നതും, അങ്ങനെ ചെയ്യുന്നുണ്ടെന്ന് സാമാന്യബോധമുള്ളവർക്ക് അറിയുന്നതുമായ ഒരു പണി ഐ ബി പരസ്യമാക്കേണ്ടതില്ല.
പുതിയ കാലത്തെ കോർപ്പറേറ്റ് തന്ത്രങ്ങളും, രീതികളും വേറെയാണു. അത് രാജ്യങ്ങളിലെ ഭരണകൂടത്തെയും, വ്യവസ്ഥാപിത രാഷ്ട്രീയപ്പാർട്ടികളെയും വിലയ്ക്കെടുത്താണു അതിന്റെ ലക്ഷ്യങ്ങൾ നേടുന്നത്. പണക്കൊഴുപ്പിനു മുന്നിൽ രാഷ്ട്രീയനേതാക്കളും പാർട്ടികളും, അവരുടെ ശിങ്കിടികളും മൂക്കും കുത്തി വീഴുന്നു. കോർപ്പറേറ്റുകൾ മുന്നോട്ട് വയ്ക്കുന്ന എന്ത് പദ്ധതിയും വികസനമെന്ന പേരിട്ട് അന്ധമായി നടപ്പാക്കപ്പെടുന്നു. ജനങ്ങൾക്കോ, പരിസ്ഥിതിയ്ക്കോ വരുന്ന ആഘാതവും, നാശവും അവർ കാണുകയില്ല. എല്ലാത്തിനെയും വികസനം എന്ന പേരിട്ട് വിളിച്ചാൽ അത്, കൈയ്യടിച്ച് തൊണ്ട തൊടാതെ വിഴുങ്ങാൻ ഇന്ത്യൻ മധ്യവർഗ്ഗ നഗരങ്ങൾ തയ്യാറാണെന്നവർക്കറിയാം. അവരെ സംബന്ധിച്ചിടത്തോളം അഴിമതിയും ഹൈ ടെക് നഗരവികസനവും, പൊട്ടിപ്പൊളിഞ്ഞ റോഡുകളും ഒക്കെയാനു പ്രശ്നം. സാധാരണക്കാരന്റെ അതിജീവന പ്രശ്നങ്ങൾ അവനറിയില്ല അഥവാ അറിഞ്ഞാലും അത്, വികസനത്തിനു നൽകേണ്ടി വരുന്ന വില മാത്രം. വഴിവിട്ട പ്രീണനങ്ങളെയും , ചൂഷണങ്ങളെയും എതിർക്കേണ്ട രാഷ്ട്രീയപ്രസ്ഥാനങ്ങളാവട്ടെ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും വികസന അജണ്ടയുടെ ആളുകൾ തന്നെ. രാഷ്ട്രീയ പ്രബുദ്ധമെന്നവകാശപ്പെടുന്ന കേരളത്തിൽപ്പോലും അത് നാം പലവട്ടം കണ്ടതാണു, കണ്ട് കൊണ്ടിരിക്കുന്നതാണു. അപ്പോൾ മറ്റ് സംസ്ഥാനങ്ങളിലെ കാര്യങ്ങൾ നമ്മുടെ ഊഹത്തിനുമപ്പുറത്തായിരിക്കും എന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മതിയാകും. ചുരുക്കത്തിൽ കുത്തക കമ്പനികളുടെ താല്പര്യങ്ങളുടെ മുന്നിൽ തടസ്സം നിൽക്കാൻ ആരുമില്ല എന്ന സൌകര്യം. ആകെയുണ്ടാവുക പദ്ധതി പ്രദേശത്തെ അസംഘടിതരായ ജനങ്ങളുടെ പ്രതിഷേധങ്ങൾ മാത്രമാകും. പ്രലോഭിപ്പിച്ചോ, തെറ്റിദ്ധരിച്ചോ, ഭീഷണിപ്പെടുത്തിയോ എളുപ്പം മറികടക്കാൻ സാധിക്കുന്ന ചെറിയ തടസ്സങ്ങൾ മാത്രം.
പക്ഷേ അവിടെയാണു, കോർപ്പറേറ്റുകളുടെയും , രാഷ്ട്രീയ നേതൃത്വങ്ങളുടെയും കണക്കുകൂട്ടലുകൾ പലപ്പോഴും പിഴയ്ക്കുന്നത്. സർക്കാരിന്റെയോ, കോർപ്പറേറ്റുകളുടെയോ നിയന്ത്രണത്തിലല്ലാത്ത ചിൽ എൻ ജി ഓ കളും മനുഷ്യാവകാശ/പരിസ്ഥിതി പ്രവർത്തകരും പലപ്പോഴും ഈ നിസ്സഹായരായ മനുഷ്യരുടെ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കുന്നു. അവർ കൂടുതൽ പേരെ സംഘടിപ്പിക്കുന്നു. സോഷ്യൽ മീഡിയയിലൂടെയും മറ്റും ക്യാമ്പയിൻ ചെയ്യുന്നു. മാധ്യമങ്ങൾക്ക് അവഗണിക്കാൻ കഴിയാത്ത രീതിയിൽ പ്രക്ഷോഭം പടർത്തുന്നു. ദേശീയവും അന്തർദേശീയവുമായ ശ്രദ്ധ ആകർഷിക്കപ്പെടുമ്പോൾ, സർക്കാറിനും കോർപ്പറേറ്റുകൾക്കും പലപ്പോഴും തങ്ങളുടെ അജണ്ടകൾ താൽക്കാലികമായെങ്കിലും മാറ്റി വയ്ക്കേണ്ടി വരുന്നു, വിശദീകരണങ്ങളും ന്യയീകരണങ്ങളും കണ്ടെത്തേണ്ടി വരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയിൽ അംഗമല്ലാത്ത, പ്രലോഭനങ്ങൾക്കോ ഭീഷണികൾക്കോ വഴങ്ങാത്ത ആക്റ്റിവിസ്റ്റുകളൂടെ ഒരു കൂട്ടം , അല്ലെങ്കിൽ സംഘടനകൾ ഭരണകൂട-കോർപ്പറേറ്റ് വികസന കച്ചവടത്തിനു ശക്തമായ ഭീഷണിയുയർത്തുന്നു. അതുകൊണ്ട് തന്നെയാണു അത്തരം സംഘടനകളെയോ വ്യക്തികളെയോ, രാജ്യദ്രോഹത്തിന്റെ കണക്കിൽപ്പെടുത്തി ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ബിനായക് സെൻ മുതൽ സോണി സോറി വരെ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ആ പട്ടികയിൽ ഒടുവിലായിതാ ഇപ്പോൾ ഗ്രീൻ പീസ് ഇന്ത്യയും.
ഗ്രീൻ പീസ് ഒരു വിദേശ സംഘടനയാണെന്നാണ് ആരോപണം. ഗ്രീൻ പീസ് ഇന്റർനാഷണൽ ഒരു അന്തർദേശീയ സംഘടനയാണു, അതിന്റെ ചാപറ്ററുകളിലൊന്നാണു ഇന്ത്യയിലേത്. ഒരു അന്തർദേശീയ സംഘടനയെ വിദേശ സംഘടന എന്നു വിളിക്കുകയാണെങ്കിൽ, ഐക്യരാഷ്ട്രസഭ ഉൾപ്പെടെ എത്ര വിദേശ സംഘടനകളാണി ഇന്ത്യയിൽ പ്രവർത്തിക്കുന്നത് എന്ന് ചിന്തിച്ച് നോക്കൂ. മറ്റൊന്ന് വിദേശ പണം സ്വീകരിക്കുന്നതിനെക്കുറിച്ചാണു. ഗ്രീൻപീസ് പ്രവർത്തകരുടെ വാദപ്രകാരം പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ടിന്റെ മുപ്പത് ശതമാനം മാത്രമേ ഗ്രീൻ പീസ് ഇന്റർനാഷനൽ നൽകുന്നുള്ളൂ, ബാക്കി 70 ശതമാനം അവർ സമാഹരിക്കുന്നത് ഈ നാട്ടിൽ നിന്ന് തന്നെയാണു. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നത്, സംഭാവന സ്വീകരിക്കുന്നത് തെറ്റാണെങ്കിൽ ഇന്ത്യയിലെ ഏത് സംഘടനയാണു ആ തെറ്റ് ചെയ്യാത്തത്, രാഷ്ട്രീയ പാർട്ടികളുൾപ്പെടെ , മിക്കവാറും എല്ലാ സമുദായ-സാംസ്കാരിക സംഘടനകളും വിദേശ വ്യക്തികളിൽ നിന്നും സ്ഥാ‍പനങ്ങളിൽ നിന്നും പല പേരിൽ പണം സ്വീകരിക്കുന്നുണ്ട്. അതിനു പുറമേ സ്വന്തം ഇമേജ് നിർമ്മാണത്തിന്നായി പല വിദേശരാജ്യങ്ങളിലും നടത്തിയ പൊതുപരിപാടികൾ പലതും വിദേശ -സ്വദേശ കോർപ്പറേറ്റ് സ്പോൺസേർഡ് ആണെന്ന ആരോപണം നേരിടുന്ന ഒരു പ്രധാനമന്ത്രിയാണു നമുക്കുള്ളതെന്നു കൂടെ ഓർക്കേണ്ടതുണ്ട്. ഇതിനെല്ലാം പുറമേ വിദേശരാജ്യങ്ങളിലെ സ്വകാര്യ വ്യക്തികൾക്കും കമ്പനികൾക്കും സ്വന്തം രാജ്യത്തെ കാടും, മണ്ണും, പുഴയും, കടലും തുറന്ന് കൊടുക്കുന്ന ഭരണകൂടത്തിനാണു ഈ വിദേശ പണ കെറുവ്. ഒരുപക്ഷേ അറിയാതെയാണെങ്കിലും സർക്കാർ സത്യം പറഞ്ഞു പോയി, വികസന വിരുദ്ധ പ്രവർത്തനങ്ങൾ ആണു പ്രശ്നം. ആരുടെ വികസനമാണെന്നും, എന്താണു അതിനെതിരെയുള്ള പ്രവർത്തനമെന്നും മുകളിൽ വ്യക്തമാക്കിയതാണു.
അപ്പോൾ ഗ്രീൻപീസിന്റെ റജിസ്ട്രേഷൻ റദ്ദ് ചെയ്യൽ ( ഫലത്തിൽ അതിന്റെ പ്രവർത്തനം നിരോധിക്കൽ ) കൃത്യമായ ഒരു സന്ദേശമാണു. പരിസ്ത്ഥിതിയ്ക്കും, മനുഷ്യനും വേണ്ടിയുള്ള ജനകീയ സമരങ്ങളോടും അതിനു നേത്രുത്വം നൽകുന്നവരോടും ഇനിയങ്ങോട്ടുള്ള ഭരണകൂട സമീപനം എന്തായിരിക്കും എന്നതിന്റെ സൂചന. ഗ്രീൻപീസ് പോലെ ശക്തമായ അന്താരാഷ്ട്ര സ്വഭാവമുള്ള, ബന്ധങ്ങളൂള്ള ഒരു സംഘടനയെ നിശബ്ദമാക്കാൻ സാധിച്ചാൽ, മറ്റു സംഘടനകളെയും വ്യക്തികളേയും എളുപ്പത്തിൽ കൈകാര്യം ചെയ്യാം, അത് ചെയ്യും എന്നുള്ള മുന്നറിയിപ്പു കൂടിയാകുന്നു അത്.

No comments:

Post a Comment