June 25, 2013

അവൾ പറഞ്ഞ കഥ..

പ്രണയത്തിന്റെ ആദ്യ നാളുകൾ.. കേൾക്കുന്ന പാട്ടുകളെല്ലാം അവളെ കുറിച്ചുള്ളതായി തോന്നി.. കാണുന്ന സ്വപ്നങ്ങളിലെല്ലാം അവൾ മാത്രമായി..
അന്നൊക്കെ ഞങ്ങളുടെ ഫോൺ വിളികൾ മണികൂറുകൾ നീളും.. എന്തു സംസാരികണമെന്ന് അറിയില്ല.. കുശലാനേക്ഷണം മുതൽ കഥകൾ വരെ  പങ്കുവയ്ച്ച രാവുകൾ..
മഴയിൽ കുതിർന്നൊരു സായ്ഹാനം, അവളൊരു കഥ പറഞ്ഞു..  ഒന്നാവാൻ കൊതിച്ച രണ്ടു ഹൃദയങ്ങളുടെ കഥ..
"അവസാന വർഷ ക്ലാസുകൾ തീരുകയാണ്‌. ഇനി കാണാൻ പറ്റിയെന്നു വരില്ല.. മൊബൈൽ ഫോൺ ഇല്ലാത്ത കാലം.. ഫോണിൽ സംസാരിക്കണമെങ്കിൽ ട്രങ്ക്‌ ബുക്ക്‌ ചെയ്യേണ്ടി വരും. കത്തെഴുതിയാൽ ആവൾക്കു തന്നെ ലഭികണമെന്നില്ല. അതിനാൽ ഇതിവിടെ അവസാനിക്കുകയാണ്‌.
ഈ സ്നേഹം ആരുടെയും പോസ്റ്റ്‌മോർട്ടം കത്തിയ്ക്ക്‌ വിധേയമാകേണ്ടി വരില്ല.. അത്രമേൽ സ്വകാര്യം... പരസ്പരം ഇനി കാണുന്നില്ലന്നേയുള്ളു..
ഈ ബന്ധത്തിന്റെ ആഴമാണ്‌ അതിന്റെ അനശ്വരത. കാല പ്രവാഹത്തിൽ അവർ പുതിയവരാകും. മറ്റുള്ളവരുടെ സ്വന്തമാകും. എങ്കിലും കാലത്തിൽ നിന്നു മുറിച്ചെടുത്ത ഈ വർഷങ്ങൾ അവർ സൂക്ഷിച്ചു വയ്ക്കും. അവരുടേതു മാത്രമായ 2 വർഷങ്ങൾ..
ഇതിനിടെ അവർ എഴുതി തുടങ്ങി.. വെള്ളിയാഴ്ച്ചകളിൽ കുറിപ്പുകൾ കൈമാറി. ശനിയാഴ്ചയും ഞായറാഴ്ച്ചയും ഒറ്റയ്ക്കായി പോകാതിരിയ്ക്കാൻ.. മിടിയ്ക്കുന്ന ഹൃദയങ്ങൽ ഒന്നിച്ചു വയ്കുകയാണെന്നു അവർ പരസ്പരം എഴുതി. സ്നേഹത്തിന്റെ മഴയിൽ നനഞ്ഞു നിൽക്കുകയാണെന്നു അവർക്കു തോന്നി..
പക്ഷെ, കാത്തു നിൽക്കാൻ കാലത്തിനു മനസ്സ്‌ ഇല്ലായിരുന്നു. അത്ര വേഗത്തിൽ കടന്നു പോയി, 2 വർഷങ്ങൾ.. അവൾ ആ കുറിപ്പുകൾ മുഴുവൻ തിരികെ കൊണ്ടു വന്നു. 2 വർഷത്തോളം അവനെഴുതിയ 'ആഴ്ച്ച കുറിപ്പുകൾ'.. അവളുടെ കുറിപ്പുകൾ അവൻ അപ്പപ്പോൾ തിരിച്ചു നൽകിയിരുന്നു..
ഇത്രയും അടുത്തവർകു ഒന്നിച്ചു ജീവിച്ചുടെ??? അവർ പരസ്പരം ചോദിച്ചു.. എന്നാൽ പ്രേമിക്കാത്തവർ എങ്ങനെ വിവാഹിതരാകും?! അവർക്കു മറുപടി ഉണ്ടായിരുന്നില്ല.
അവൻ അവളുടെ വിവാഹത്തിനു പോയി. സമ്മാനം നൽകി. അച്ചനെ ചാരെ നിന്നു കണ്ടു. വരനെ പരിചയപെട്ടു..
ട്രങ്ക്‌ കാളുകളുടെ കാലം കഴിഞ്ഞു. പേജറിനു പിന്നാലെ മൊബൈൽ ഫോൺ വന്നു. ഇന്റർനെറ്റും ഇമെയിലും ഓർക്കുട്ടും വന്നു..
പിന്നെയും കാലം കടന്നു പോയി..
ഇരുവരുടെ കുട്ടികൾ, ഫേസ്‌ ബുക്കിൽ കളി കൂട്ടുകാരായി..
ഫേസ്‌ ബുക്കിലെ മെസേജ്‌ ബോക്ഷിൽ ഒരിക്കലൊരു സന്ദേശം എത്തി.. ഫോട്ടോയ്ക്‌ പകരം മഞ്ഞ പൂവിതൾ വിടർന്നു നിൽക്കുന്ന അക്കൗണ്ടിൽ നിന്നും..
"ഇവിടെ വസന്തമാണ്‌. പൂക്കളുടെ സുഗന്ധവും കനികളുടെ മധുരവുമായി ഒരിക്കൽ നിന്നെ കാണാൻ ഞാൻ വരും. അന്ന് കടലിരമ്പത്തിന്റെ ആഴത്തിൽ നിന്നു പെറുക്കിയ പവിഴ മുത്തുകളുമായി നീ കാത്തിരിയ്ക്കില്ലേ?" "
ഒരു നിമിഷത്തെ നിശബ്ദതയ്ക്ക്‌ ശേഷം ഞാൻ പറഞ്ഞു, "കാത്തിരിക്കും, ആ മുത്തുകൾക്ക്‌ തിളക്കം നഷ്ടമാവും വരെയും.. സ്വപ്നങ്ങൾ കാണാവാത്ത ഒരു ഉറക്കത്തിലേയ്ക്ക്‌ ഞാൻ വഴുതി വീഴും വരെയും.."

No comments:

Post a Comment