July 5, 2015

പാഠപുസ്തകം : വിദ്യാർത്ഥി സംഘടനകളും ഉത്തരവാദിത്വങ്ങളും

ജുലൈ 6, 2015
സാക്ഷര കേരളം വേദിയാവുന്നത്‌, വിരോധാഭാസം നിറഞ്ഞൊരു രാഷ്ട്രീയ നാടകത്തിനാണ്‌. പാഠപുസ്തത്തിൽ ഭരണപക്ഷ വിദ്യാർത്ഥി സംഘടന ആഹ്വാനം ചെയ്ത പഠിപ്പ്‌ മുടക്കും, പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്‌.എഫ്‌.ഐയുടെ പാഠപുസ്തക വിതരണവും നടക്കാനിരിക്കുന്നത്‌ അന്നാണ്‌‌. പാഠപുസ്തക വിതരണം എങ്ങുമെത്താതത്‌ പ്രതിപക്ഷം ഒരു രാഷ്ട്രീയ ആയുധം എന്നതിനപ്പുറം, ഒരു ജനകീയ വിഷയമാക്കി മാറ്റിയെടുക്കുന്നതിൽ വിജയിക്കുന്നുവെന്ന സൂചന നൽകി കൊണ്ടാണ്‌ ഭരണപക്ഷ വിദ്യാർത്ഥി സംഘടനകൾക്ക്‌ പോലും രാഷ്ട്രീയം നോക്കാതെയുള്ള നിലപാടുകൾ മുഖ്യധാര മാധ്യമങ്ങൾക്കും, ജനങ്ങൾക്കും മുന്നിൽ സ്വീകരിക്കേണ്ടി വന്നത്‌.
ഓണമിങ്ങെത്തി..
കളി കളങ്ങൾ ഇത്തവണ നേരത്തെ ആവേശത്തിമിർപ്പിലാണ്‌. സ്ഥിരം ഓണപരീക്ഷകൾ ഇത്തവണ ഓണം കഴിഞ്ഞിട്ടേ കാണുവെന്ന് അറിഞ്ഞപ്പോൾ തുടങ്ങിയ ആഘോഷങ്ങളുടെ ആവേശം ഇനി ഓണാവധികൾ കഴിഞ്ഞെ കളികളങ്ങളിൽ കെട്ടടങ്ങു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, പാഠപുസ്തകം ഇനിയും കിട്ടാത്തതിന്റെ പരിഭവം ഇവർ മറച്ചുവയ്ക്കുന്നില്ല. രക്ഷിതാക്കളും അദ്ധ്യാപകരും ഒരുപോലെ ആശയിലാൺ. വൈകി കിട്ടുന്ന പാഠപുസ്തകം, സിലബസിനെ ആകെ തകിടം മറിക്കുമെന്ന് അവർ പറയുന്നു. വിദ്യാർത്ഥികൾക്ക്‌ പഠന ഭാരം കൂടുമെന്നത്‌ രക്ഷിതാക്കളേയും അലട്ടുന്നു.

ശക്തമായ പ്രതിഷേധം ഉയർന്നിട്ടും, പാഠപുസ്തക വിതരണം എന്ന് പൂർത്തീകരിക്കാനാവുമെന്ന ചോദ്യത്തിനു മുന്നിൽ സർക്കാരും കോൺഗ്രസും കൈ മലർത്തുകയാണ്‌. പച്ചവത്കരണത്തിൽ ലീഗിനുള്ള താൽപര്യം പോലും, പാഠപുസ്തകത്തിൽ ഇല്ലെന്നത്‌ മാത്രമല്ല, സ്വകാര്യ പ്രസ്സ്‌ ലോബികളെ സഹായിക്കാൻ കൂടി വേണ്ടി മനപൂർവ്വം പ്രിന്റിംഗ്‌ വൈകിക്കുക ആയിരുന്നെന്ന ആരോപണത്തിനു മറുപടി നൽകാനും സർക്കാരിനു ഇതുവരെ കഴിഞ്ഞിട്ടില്ല. സ്വകാര്യ ഏജന്‍സികളെ സമീപിക്കാനുള്ള നീക്കം വിവാദമായതോടെ അച്ചടി കെ.ബി.പി.എസിനെ (കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി) തന്നെ ഏല്‍പ്പിക്കുകയായിരുന്നു. പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും വൈകുന്നത് ഗൗരവതരമാണെന്ന് ഹൈക്കോടതി പരാമര്‍ശമുണ്ടായിരുന്നു. അച്ചടി വൈകിയതിനെക്കുറിച്ച് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
വിദ്യാർത്ഥികളുടെ ഭാവി തുലാസിലിട്ട്‌ കളിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെയോ സർക്കാരിന്റേയോ, നിലപാട്‌  ഭരണപക്ഷ വിദ്യാർത്ഥി പാർട്ടിക്ക്‌ പോലും  സ്വീകാര്യമല്ലാത്തത്‌ ആണെന്ന് കൂടി ചേർത്ത്‌ വായിക്കുമ്പോഴെ വിഷയത്തിന്റെ ഗുരുതരാവസ്ഥ മനസിലാകു. അതു കൊണ്ട്‌ തന്നെയാണു ജൂലൈ ആറാം തീയതി, പഠിപ്പ്‌ മുടക്ക്‌ പോലൊരു രാഷ്ട്രീയ പ്രഹസന നാടകം നടത്താൻ കെ.എസ്‌.യു നിർബന്ധിരായത്‌. രാഷ്ട്രീയം നോക്കാതെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നെന്ന കെ.എസ്‌.യുവിന്റെ വാദം പൊള്ളയായി പ്രഹസനം മാത്രമായി ബാക്കിയാവുന്നു.
എസ്‌.എഫ്‌.ഐ ലോക്കൽ യൂണിറ്റുകൾ നടത്തി വന്നിരുന്ന നടത്തി വന്നിരുന്ന പാഠപുസ്തക വിതരണം വിദ്യാർത്ഥികൾക്ക്‌ വലിയൊരു ആശ്വസം നൽകുന്നെന്ന് തിരിച്ചറിഞ്ഞ സംസ്ഥാന നേതൃത്വം, സംസ്ഥാന വ്യാപകമായി ജുലൈ ആറിന്‌ നടത്താൻ എസ്‌.എഫ്‌.ഐ തീരുമാനിച്ചതോടെ, വിദ്യാർത്ഥിപക്ഷമാണെന്ന് കാണിക്കാനുള്ള വ്യഗ്രതയിൽ പഠിപ്പ്‌ മുടക്കിന്‌ അഹ്വാനം ചെയ്ത കെ.എസ്‌.യു നേതൃത്വം സമ്മർദ്ദത്തിലായിരിക്കുകയാണ്‌. വിദ്യാഭ്യാസം വകുപ്പിന്റെ വെബ്‌ സൈറ്റുകളിൽ ലഭ്യമായ പാഠപുസ്തകം സ്വന്തം ചിലവിൽ, സ്വകാര്യ പ്രസ്സുകളിൽ നിന്നും മറ്റും പ്രിന്റ്‌ ചെയ്ത്‌ സൗജന്യമായി വിദ്യാർത്ഥികളിൽ എത്തിക്കുകയാണ്‌ എസ്‌.എഫ്‌.ഐയുടെ ലക്ഷ്യമെന്ന് സംഘടന നേതാക്കൾ പറയുന്നു. 
രാഷ്ട്രീയ നിലപാടുകൾ സംരക്ഷിക്കാൻ വേണ്ടി വിദ്യാർത്ഥി വിരുദ്ധ നിലപാടുകളെടുക്കുന്ന ഒരു വിദ്യാർത്ഥി സംഘടനയ്ക്ക്‌ പ്രസക്തിയില്ല എന്ന തിരിച്ചറിവിനു കെ.എസ്‌.യു എത്ര വിലകൽപ്പിക്കുന്നെന്ന് തിങ്കളാഴ്ച്ച കേരളത്തിന്റെ പൊതു സമൂഹത്തിനു മുന്നിൽ അവർക്ക്‌ തുറന്ന് പറയേണ്ടി വരും. രാഷ്ട്രീയ പ്രഹസനത്തിന്റെ പേരിൽ, ഗുണ്ടായിസം കാണിച്ച്‌ സ്കൂളുകൾ അടപ്പിക്കുമോ അതോ സംസ്കാര സമ്പന്നരായ കേരള ജനതയ്ക്ക്‌ മുന്നിൽ രാഷ്ട്രീയ വൈരം മറന്ന് ഒരോ കുരുന്ന് കൈകളിലും പുസ്തകമെത്തിക്കാനുള്ള എസ്‌.എഫ്‌.ഐയുടെ പ്രവർത്തനങ്ങളിൽ കൈ കോർക്കുമോയെന്ന് നമുക്ക്‌ കണ്ടറിയാം.

No comments:

Post a Comment